കണക്കു കൂട്ടി ഉപയോക്താക്കള്‍ മടുക്കുന്നു
റെയില്‍വേസ് വെബ്സൈറ്റിലെ കാപ്ച
ലളിതവും തെളിഞ്ഞതുമാക്കണം: കെര്‍പ
ആലപ്പുഴ: ഇന്ത്യന്‍ റെയില്‍വേസ് എന്‍ക്വയറി വെബ്സൈറ്റില്‍ പാസഞ്ചര്‍ നെയിം റിക്കാര്‍ഡും (പി.എന്‍.ആര്) ഷെഡ്യുളും ട്രെയിന്‍ റണ്ണിംഗ് സ്റ്റാറ്റസുമടക്കമുള്ള പാസഞ്ചര്‍ കറണ്ട് സ്റ്റാറ്റസ് എന്ക്വയറിയില് പരിശോധന നടത്തുന്നതിനു സാധാരണക്കാര്‍ക്ക് ലളിതമായി മനസിലാകുന്നതും തെളിഞ്ഞതും അസൗകര്യങ്ങളില്ലാത്തതുമായ കാപ്ച ചോദ്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തണമെന്നു അധികൃതരോട് കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് (കെര്‍പ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു. ഇപ്പോഴാണെങ്കില്‍ വിവരമറിയാന്‍ കണക്കു കൂട്ടി ഉപയോക്താക്കള്‍ മടുക്കുകയാണ്. ദിവസേന ആയിരക്കണക്കിന് യാത്രക്കാരാണ് വെബ്സൈറ്റിലൂടെയുള്ള അന്വേഷണങ്ങള്‍ നടത്തുന്നത്.
സംഖ്യകള്‍ കൂട്ടാനും കുറയ്ക്കാനും മറ്റുമുള്ള കാപ്ചകളാണ് നിലവില്‍ ഇന്ഡ്യന്റെയില് ഡോട്ട് ഗവ് ഡോട്ട് ഇന്‍-ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിലെ അക്കങ്ങളും ചിഹ്നങ്ങളും തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടാണുതാനും. സാധാരണക്കാര്‍ക്ക് ഇത് ഏറെ സമയനഷ്ടവും പണനഷ്ടവും ഉണ്ടാക്കും. കണക്കുകൂട്ടല്‍ തെറ്റി പലപ്പോഴും റിഫ്രഷ് ചെയ്യേണ്ടി വരുകയും ചെയ്യും. സൗജന്യ ഇന്‍ര്‍നെറ്റ് സൗകര്യങ്ങള്‍ വ്യാപകമായി ലഭ്യമാകാത്തതിനാലും വേഗത്തിലുള്ളതല്ലാത്തതിനാലും ഇക്കാര്യം ഏറെ പ്രാധാന്യമുള്ളതാണ്. രേഖപ്പെടുത്തുന്നത് അല്പം വൈകിയാല്‍ സെഷന്‍സ് ഔട്ട് അഥവാ ബോട്ട് അറ്റാക്ക് എന്നു എറര്‍ എന്നു കാണിച്ചുകൊണ്ടിരിക്കും.
ഇതേസമയം, ഇട്രെയിന് ഡോട്ട് ഇന്‍ഫോ പോലുള്ള സ്വകാര്യ അന്വേഷണ വെബ്സൈറ്റുകളില്‍ കൂടുതല്‍ ഉപയോക്ത സൗഹൃദം (യൂസര്‍ ഫ്രണ്ട്ലി) ആയിട്ടാണ് കാപ്ച ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തില്‍ ദുര്‍ഗ്രാഹ്യത ഒഴിവാക്കാനാണ് സര്‍ക്കാര്‍ വെബ്സൈറ്റും ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ ഉപയോക്താക്കളെ വെബ്സൈറ്റില്‍ നിന്നു അകറ്റുകയായിരിക്കും ഫലം.
കംപ്യൂട്ടറിലേക്കു വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് മെഷീന് ഓട്ടോമാറ്റിക് ആയി അല്ല എന്നും മനുഷ്യന് ആണ് അതു ചെയ്യുന്നതെന്നും വേര്‍തിരിച്ചറിയാനാണ് കാപ്ച വ്യവസ്ഥ...
more... ഉപയോഗിക്കുന്നത്. അല്ലെങ്കില്‍ സ്വയം പ്രവര്‍ത്തിക്കുന്ന സങ്കേതങ്ങള്‍ ഉപയോഗിച്ച് വെബ്സൈറ്റ് സേവനങ്ങളെ ദുരുപയോഗപ്പെടുത്താനാകും. മനുഷ്യര്‍ വ്യക്തിപരമായാണ് വിവരങ്ങള്‍ ആവശ്യപ്പെടുന്നതെന്നു ഉറപ്പാക്കാന്‍ കാപ്ച കോഡുകള്‍ ഉപയോഗപ്പെടും. വികലമാക്കിയയോ നിറങ്ങള്‍ ചേര്‍ത്തതോ ആയ അക്ഷരങ്ങളും അക്കങ്ങളും നല്കിയിട്ടുള്ളതു വായിച്ചോ കേട്ടോ പകര്‍ത്തുകയാണ് ആവശ്യക്കാര്‍ ചെയ്യേണ്ടത്. അതു വെബ്സേര്‍വറുകളില്‍ പരിശോധിച്ച് കാണിച്ചിട്ടുള്ളതും രേഖപ്പെടുത്തിയതും സമാനമാണെങ്കില്‍ സ്വീകരിക്കുകയും അല്ലെങ്കില്‍ വീണ്ടും ശ്രമിക്കുവാന് ആവശ്യപ്പെടുകയും ചെയ്യും. നല്കുന്ന വാക്കുകള്‍ വികലമോ അര്‍ഥമില്ലാത്തതോ ആയതിനാലും വെബ്സേര്‍വറുകളില്‍ നിന്നു വരുന്നതിനാലും കൃത്രിമമായി അവ ആവര്ത്തിച്ചുപയോഗിക്കാനാകില്ല. കംപ്ലീറ്റ്ലി ഓട്ടോമേറ്റഡ് പബഌക് ടൂറിംഗ് ടെസ്റ്റ് ടു ടെല്‍ കംപ്യൂട്ടേഴ്സ് ആന്‍ഡ് ഹ്യൂമന്‍സ് അപ്പാര്‍ട്ട് എന്നതിന്റെ ചുരുക്കമാണ് കാപ്ച (CAPTCHA).
ഫോട്ടോകള്‍:
റെയില്‍വേസ് സര്‍ക്കാര്‍, സ്വകാര്യ വെബ്സൈറ്റുകളിലെ കാപ്ചകള്‍.