ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ മതില് കെട്ടുമ്പോള്‍
മാലിന്യം നീക്കണം, നടപ്പാതയൊരുക്കണം: കെര്‍പ
ആലപ്പുഴ: റെയില്‍വേ സ്റ്റേഷന് വളപ്പ് മതില് കെട്ടി വേര്‍തിരിക്കുന്നതിനോടൊപ്പം കൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നും റോഡുവക്കിലെ എല്ലാ തടസ്സങ്ങളും നീക്കി നടപ്പാതയൊരുക്കണമെന്നും കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് (കെര്‍പ) ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ആലപ്പുഴ റെയില്‍വേ സ്റ്റേഷന് റോഡിന്റെ വശത്ത് മതില് കെട്ടല്‍ പുരോഗമിച്ചു വരുകയാണ്. ഉതോടൊപ്പം റെയില്‍വേ സ്റ്റേഷന്റെ നിലവാരവും സൗകര്യങ്ങളും ഉയര്‍ത്താനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഇതേസമയം, മുന്‍കാല റെയില്‍വേ ബജറ്റുകളില്‍ ഉള്‍പ്പെടുത്തി വര്‍ഷങ്ങള്‍ മുന്‍പ് പണിതീര്‍ത്തിട്ടുള്ള വ്യാപാര സമുച്ചയം പോലും പ്രയോജനപ്പെടുത്താതെയിട്ടിരിക്കുകയാണ്....
more...
റോഡിലൂടെ പോകുന്നവര്‍ മാലിന്യം വലിച്ചെറിയുന്ന പ്രദേശമാണിത്. ഇതുവഴിയുള്ള കാണകള്‍ നിറയെ മലിന ജലവും ദുര്‍ഗന്ധവുമാണ്. മതില്കെട്ടിക്കഴിയുമ്പോള് ചവറുകള്‍ രഹസ്യമായി വലിച്ചെറിയാന്‍ എളുപ്പമാകും. അതിനാല്‍ ഉടന്‍ തന്നെ റെയില്‍വേ വക വെളിംപ്രദേശങ്ങള്‍ വൃത്തിയാക്കി ഹൃസ്വകാല കൃഷിവിളകള്‍ ഇറക്കി സ്ഥലം മനോഹരമാക്കിയിടാനുള്ള ഏര്‍പ്പാടുണ്ടാക്കണം. മാലിന്യ ശേഖരണത്തിനു കൃത്യസ്ഥലം ഒരുക്കുകയുമാകാം.
മതില് കെട്ടിക്കഴിയുമ്പോള് കാല്‍നടയാത്രക്കാര്‍ക്കു വശത്തേക്കു കയറി നടക്കാനുള്ള അവസരം ഇല്ലാതാകുമെന്നതിനാല്‍ റോഡുവക്കില്‍ തീര്‍ച്ചയായും കാല്‍നടപാത നിര്‍മ്മിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ സ്റ്റേഷനിലേക്കു വേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ അപകടകാരണമാകും. അതിനാല്‍ റോഡുവക്കിലുള്ള കലുങ്കും അനധികൃത കൈയേറ്റങ്ങളും ഉടനെ നീക്കം ചെയ്തു വഴി സുഗമമാക്കണം. നിലവില്‍ റോഡിലേക്കിറങ്ങി നടക്കുകയേ നിര്‍വാഹമുള്ളു.
റെയില്‍വേ സ്റ്റേഷന് റോഡിലുള്ള എല്ലാ ഹംബുകളും നീക്കം ചെയ്യണം. അവ ഗുണത്തേക്കാളുപരി ദോഷമാണ് വരുത്തിവച്ചുകൊണ്ടിരിക്കുന്നത്. തിരിച്ചറിയാന്‍ വരകളോ ബോര്‍ഡുകളോ ഇല്ലാത്തതും ആവര്‍ത്തിച്ചു അപകടങ്ങള്‍ ഉണ്ടാക്കുന്നതുമായ ഇത്തരം ഗതാഗത നിയന്ത്രണം ആശാസ്യമല്ല. റെയില്‍വേ സ്റ്റേഷന്, എയര്‍പോര്‍ട്ട് തുടങ്ങി വാഹനങ്ങള്‍ അതിവേഗം പോകുന്നയിടങ്ങളിലെ റോഡുകള്‍ വീതിയിലും സമനിരപ്പിലുമാണ് സൂക്ഷിക്കേണ്ടത്. രാത്രിയില്‍ ആവശ്യത്തിനു വെളിച്ചമുള്ള സ്ട്രീറ്റ് ലൈറ്റുകളും വേണം.
കെര്‍പ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ഇതുസംബന്ധിച്ച നിവേദനം റെയില്‍വേ അധികൃതര്‍ക്ക് അയച്ചു.
ഫോട്ടോ:
ആലപ്പുഴ റെയില്‍വേ സ്റ്റേഷന് റോഡിന്റെ വശത്ത് മതില്കെട്ടല് പുരോഗമിക്കുന്നു. ഇതോടൊപ്പം നടപ്പാതയൊരുക്കണമെന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യമുണ്ട്.
18.01.2017